Friday, 28 June 2013

പ്രസവം - പി. പത്മരാജന്‍

കഥകളുടെ ഗന്ധർവൻ പി. പത്മരാജൻ എഴുതിയ ഒരു കഥ......
ആ മഹാ പ്രതിഭയ്ക്ക് ഒരായിരം അശ്രുപുഷ്പാഞ്ജലികളോടെ ......
എല്ലാ അമ്മമാർക്കും വേണ്ടി.... സമർപ്പണം .




പ്രസവം -  പി. പത്മരാജന്‍ 

തെരുവുമൂലയിലെ, മേല്‍ക്കൂരയില്ലാത്ത കടയില്‍, കടയുടെ തിണ്ണയില്‍ വീര്‍ത്ത വയറുംതാങ്ങി, അവളെത്തി. - ഇരുട്ടിലൂടെ, താനൊരു പെണ്ണാണെന്നറിയിക്കാതിരിക്കാനായി, തലവഴി മുണ്ടും പുതച്ചുകൊണ്ട്.
അവള്‍ അവിടെ കിടന്നുറങ്ങി. കടയ്ക്കുള്ളിലായാലും പുറത്തായാലും ഒരുപോലെത്തന്നെ. എങ്കിലും പുറത്തുകിടക്കുന്നതിനേക്കാള്‍ അന്തസ്സ് അകത്തു കിടക്കുന്നതായതുകൊണ്ട് അങ്ങനെ ചെയ്തു. ഒന്നുറങ്ങി. വേദന കൊണ്ട്  ഉണർന്നപ്പോൾ  മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. വീണ്ടും ഉറക്കം. വേദന ഉണര്‍ത്തിയ ഉറക്കം.വയറുവേദനയാവും; സാധാരണ ശല്യത്തിനെത്തുന്നത്. ഒരിക്കല്‍ക്കൂടി മയങ്ങിനോക്കി.ഉണര്‍ന്നപ്പോള്‍, പൊക്കിളിനു ചുറ്റും അസംഖ്യം തേളുകള്‍ കുത്തുന്നു. പിന്നെ ഉറക്കമില്ല. ഉറങ്ങാന്‍ പറ്റിയതേയില്ല.ആകാശത്തുകൂടി മേഘങ്ങള്‍ ഉരുണ്ടുപോയി. അവ ഭൂമിയോടു മന്ത്രിച്ചു; 'ഏതുനേരവും ഞങ്ങള്‍ നിന്റെ മാറില്‍ വീഴും.'ചുറ്റും പൊളിഞ്ഞ കടയുടെ വിണ്ടുകീറിയ ഭിത്തികള്‍. മുകളില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുട്ടും. 'ഇത് അതുതന്നെയാണ്' അവള്‍ വേദനയോടെ ആലോചിച്ചു. 'നാശം, വരാന്‍ കണ്ട നേരം.'

അതുതന്നെയായിരുന്നു അത്. നോവ്. അവളുടെ കടിഞ്ഞൂല്‍ നോവ്.
വേദന ശക്തിപ്പെട്ടുവന്നു. അവളാലോചിച്ചുനോക്കി: 'ഇതിപ്പോഎത്ര്യാണ് മാസം?' കണക്കുകൂട്ടി തീരുമാനിക്കാന്‍ ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. എത്രയുമാകാം. വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങിയിട്ട് കുറേയേറെ നാളായി. ആദ്യം അതുകണ്ടമ്പരന്നുപോയി. എങ്കിലും ഒന്നുചെയ്യാന്‍ മറന്നില്ല. വേഷം ഒന്നു പരിഷ്‌കരിച്ചു. ഒരു മാറാപ്പു ചുറ്റുന്നതുപോലെയാക്കി. അതിനുള്ളില്‍ നൂറുമാസം പോലും അറിയില്ല. അങ്ങനെ നടക്കുകയായിരുന്നു. എന്നിട്ടൊടുവിലിതാ നിലാവുദിക്കുന്നതിനുമുന്‍പേ, മഴക്കോളുകൊണ്ട് ആകാശം മൂടിക്കെട്ടിനില്ക്കുന്ന ഈ രാത്രിയില്‍, കടയുടെ പൊളിഞ്ഞ ഭിത്തികള്‍ക്കുള്ളില്‍വെച്ച്...
ഈ സ്ഥലം അപകടം പിടിച്ചതാണ്. പലരും വരാം. കടയുടെ പിന്നില്‍ മരവും മരച്ചോട്ടില്‍ മുള്ളന്‍ പുല്ലുകളും. അവയുടെ തണ്ടിന്റെ മൂര്‍ച്ചകാരണം ആരും അതുവഴി വരില്ല. അവള്‍ അങ്ങോട്ടു മാറിക്കിടന്നു.
ഇപ്പോള്‍ നോവു കൂടിയിരിക്കുന്നു. കുറേശ്ശക്കുറേശ്ശയായി ഇരവിഴുങ്ങാന്‍ ബദ്ധപ്പെടുന്ന ഒരു പാമ്പിനെപ്പോലെ അരക്കെട്ട് വികസിക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
പെട്ടെന്നു വേദന അതിന്റെ ഉച്ചാവസ്ഥയിലെത്തി; നാവ് വരണ്ടുതുടങ്ങി. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍...
പിന്നെ കിടക്കാന്‍ കൂടി വയ്യാതെയായി. ഉള്ളില്‍ നടക്കുന്ന അനേകമനേകം ചെറിയ ചലനങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അസഹ്യത.
മൂര്‍ച്ചയേറിയ മഞ്ഞപ്പല്ലുകള്‍ക്കിടയിലൂടെ വേദന രൂക്ഷമായ ഭാഷയില്‍ പുറത്തേക്കൊഴുകി, തെറി.
അടുത്ത നിമിഷം, നടുവിനും തുടകള്‍ക്ക് മുകളറ്റത്തുമായി കനത്ത ഒരു ഭാരം വന്നുവീണതുപോലെ തോന്നി. അത് ഏറിയേറി വരുന്നു. ഒരു ഉപ്പുചാക്ക് വെച്ച് ആ ഭാഗത്തമര്‍ത്തുന്നുവോ എന്നുപോലും തോന്നിപ്പോയി.

ഇനി കിടന്നുകൂടാ. എണീറ്റുകളയാം.
അവള്‍ എഴുന്നേറ്റു; ക്ഷീണിച്ച ചുവടുകള്‍ വെച്ച് ഇരുട്ടിലൂടെ തുളച്ചു വരുന്ന ഓരോ ശബ്ദം കേട്ടും ഞെട്ടിക്കൊണ്ട്-
മഴപെയ്യാതെയിരുന്നാല്‍ രക്ഷയായിരുന്നു. മഴവീണാല്‍ ആരെങ്കിലുമൊക്കെ കടന്നുവന്നെന്നിരിക്കും, ചുരുണ്ടുകൂടാനായി.
നോവിന് സ്ഥായിയായ ഒരു ഭാവം വീണു. എത്രനേരം ഇതു നീണ്ടുനില്ക്കുമോ ആവോ? നേരം വെളുക്കുമ്പോഴും ഇങ്ങനെ തുടരുകയാണെങ്കില്‍?
ആ ഭയം ഒറ്റയടിക്ക് അവളുടെ ഇളംമനസ്സിനെ തകര്‍ത്തു. ഓരോ ശ്വാസത്തോടുമൊപ്പം വേദന കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. കടയുടെ പിറകിലെ ഭിത്തിയില്‍ പിടിച്ച് കുനിഞ്ഞുനിന്നുകൊണ്ട് പാടുപെട്ട് അവള്‍ ശ്വാസം കഴിച്ചു.
ഇരുട്ടില്‍ നീണ്ട ഒരു രോദനം. തുടര്‍ന്ന് നീളന്‍ കരച്ചിലുകള്‍. ഇപ്പോള്‍ പെറ്റിരുന്നെങ്കില്‍!
ഉടുത്തിരുന്ന മുണ്ട് മെല്ലെ അഴിഞ്ഞ്, വീര്‍ത്തു വിയര്‍ത്ത ശരീരത്തിലൂടെ ഊര്‍ന്നു മണ്ണില്‍ പതിച്ചു. എടുത്തുടുക്കാന്‍ മെനക്കെട്ടില്ല. മുക്കാലും നഗ്നമായ മനുഷ്യശരീരം ഉറയ്ക്കാത്ത കാലുകളില്‍ നിന്നാടി. ഇതാ... ഇതാ...
എന്റെ ഈശ്വരാ!
ഇല്ല ഒന്നുമുണ്ടായില്ല. സമയം വീണ്ടും കടന്നുപോകുന്നു. താന്‍ ഏകയായി ഈ വെല്ലുവിളിയെ നേരിട്ടാലേ പറ്റൂ.

ആകാശത്തില്‍ കൊള്ളിമീനുകള്‍. ഭൂമി പിളരുന്ന ശബ്ദം. പിന്നെയും നീണ്ടുനീണ്ടുപോവുന്ന കൊള്ളിമീനുകള്‍. ഇടിമുഴക്കങ്ങള്‍.
ഉള്ളിലെന്തോ പൊട്ടിയതുപോലെ. നഗ്നമായ തുടയിലൂടെ -വിയര്‍പ്പുനാറുന്ന, പൊടി അടിഞ്ഞ കണങ്കാലിലൂടെ, തുള്ളിത്തുള്ളിയായി എന്തോ ഒഴുകി.

വേദന ഒരു നിമിഷത്തേക്കു മാറിയതുപോലെ തോന്നി. പക്ഷേ, അടുത്ത നിമിഷം അതു വീണ്ടും ആരംഭിച്ചു.
മണ്ണില്‍ ആവുന്നത്ര കാലുകള്‍ അകറ്റിക്കിടന്നു. പൊടിമണ്ണിലേക്കു ചോര ഒഴുകിവീണു. ഉണങ്ങിയ മണ്ണ് അതിദാഹത്തോടെ, പേറ്റുചോര കുടിച്ചു.
ഇനി ഏതു നിമിഷത്തിലുമാകാം. നേരിടാതെ വയ്യ. അതിനു മനസ്സും ശരീരവും തയ്യാറെടുപ്പു നടത്തി. ക്ഷീണിതങ്ങളായ കാലുകള്‍ കുറേക്കൂടി അകന്നു. ഇടയ്ക്കിടെ ഓരോ തുള്ളി വെള്ളം ശരീരത്തില്‍ വന്നു വീണുകൊണ്ടിരുന്നു.
നോവാരംഭിച്ചു. ശരിക്കും നിര്‍വചിക്കാന്‍ വയ്യാത്ത ഒരു നോവ്.
തുടര്‍ച്ചയായ വേദന. മിനുട്ടുകളില്‍നിന്നു മണിക്കൂറുകളിലേക്കും, മണിക്കൂറുകളിലൂടെ വര്‍ഷങ്ങളിലേക്കും വ്യാപിച്ചു നില്ക്കുന്നതായിത്തോന്നി; നുറുങ്ങുനിമിഷങ്ങളുടെ വേദന. ഇടയ്ക്ക് അതു വിട്ടുനിന്നു. വീണ്ടും തുടങ്ങുമ്പോള്‍ ഇരട്ടി ബലത്തിലായിരുന്നു.
മുനിസിപ്പാലിറ്റിയും പള്ളിയും അവളെ സമയമറിയിച്ചു. രണ്ടു മണിക്കൂറ് കഴിഞ്ഞിരിക്കണം ഇതു തുടങ്ങിയിട്ട്. ഇതിന്നവസാനമില്ലേ? തനിക്കെന്തുചെയ്യാനാവും? ജീവിതം മുഴുവന്‍ ഈ നാശം പിടിച്ച വേദനയും സഹിച്ച്, താനിവിടെയിങ്ങനെ കിടന്നുപോയാലോ?
ഉള്ളില്‍ താങ്ങാനാവാത്ത ഭാരം കെട്ടിനിന്നു. അതിനെ പുറത്തേക്കുന്തിക്കളയാന്‍ അരക്കെട്ടും നടുവും ചേര്‍ന്ന് ആവതു യത്‌നിച്ചു. ഓരോ ശ്വാസത്തിലും വിയര്‍ത്തു കുളിച്ചു. മുഖത്തെ തൊലി ആയിരമായി വെടിഞ്ഞു കീറുന്നപോലെ. രക്തം മുഴുവന്‍ ഒന്നിച്ച് മുഖത്തേക്കരിച്ചു കയറി. വിയര്‍പ്പു കഴുത്തിലൂടെ ചാലുവച്ചൊഴുകി. ശരീരം ആകെ വിറച്ചു. ഇരുട്ടില്‍ ഉറക്കെ അലറി: 'കുന്തം' കൈകളില്‍ കടിച്ചു. കൈയിലെ ഉണങ്ങിയ തൊലി പൊട്ടി. രക്തം കിനിഞ്ഞു. മണ്ണില്‍ കിടന്നുരുണ്ടു: 'എന്റമ്മേ കാളീ!'

തല പുറത്തേക്കു തള്ളിവന്നു. വീണ്ടും ഉള്ളിലേക്കു തന്നെ തെന്നിക്കയറി. അതു വീണ്ടും പലതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അകത്തേക്കുള്ള വലി പിന്നെ തീരെ പുറത്തേക്കു പോരാന്‍ വിഫലമായി യത്‌നിക്കുന്ന കുഞ്ഞുതലയില്‍ അവള്‍ ആര്‍ത്തിയോടെ കൈയോടിച്ചു. നിറയെ തല
മുടി.
അതേപ്പറ്റി ഓര്‍ക്കുന്നതിനുമുന്‍പ് അരയിലെ അസ്ഥികള്‍ പൊട്ടി. ശരീരം നൂറു നൂറു തുണ്ടങ്ങളായി തകര്‍ന്ന് തെറിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചു. പല്ലുകള്‍ ഉരസിയമര്‍ന്നു. കുട്ടി പുറത്തേക്കു തെന്നിവീണു.
മണ്ണ് ഉണങ്ങിച്ചേര്‍ന്നു തുടകള്‍ക്കിടയിലൂടെ ഉരഞ്ഞിറങ്ങി. പരുപരുത്ത മണ്ണില്‍ കെട്ടിക്കിടക്കുന്ന ചോരയിലേക്ക് അതു തലകുത്തി വീണു. അത് ഉറക്കെയുറക്കെ കരഞ്ഞു. അവള്‍ക്കാ ശബ്ദം അസഹ്യമായി തോന്നി. നേരത്തെ ഉരിഞ്ഞുപോയ നാറ്റമുണ്ടുടുത്ത് അവള്‍ അതിന്റെ മേലേക്കെറിഞ്ഞു. ശബ്ദം ക്രമേണ കുറഞ്ഞുവന്നു. ജന്തു മരിച്ചോ?

പിന്നെ സുഖമായി. ഏറ്റവും വലിയ സുഖം. കണ്ണുകള്‍ ആലസ്യത്തോടെ അടഞ്ഞു. നീണ്ട ഉറക്കം.
റോഡില്‍ക്കൂടി കടന്നുപോയ ഒരു കാറിന്റെ ഇരമ്പലില്‍ അവളുണര്‍ന്നു. ഇനി എന്താണു ചെയ്യാനുള്ളത്? കഴിഞ്ഞകൊല്ലം ചന്തയിലെ ശോശ പെറ്റപ്പോള്‍ ചെയ്തത് അവള്‍ ഓര്‍ത്തു.
ക്ഷീണിച്ച കൈകള്‍ നിഷ്‌കര്‍ഷയോടെ പെരുമാറി. ചെറിയ ഒരു ശസ്ത്രക്രിയ. നാറുന്ന മുണ്ടിന്റെ വക്കുകീറി പിരിച്ചുകെട്ടി. കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള പുല്‍ത്തണ്ട് ബോധപൂര്‍വം പ്രവര്‍ത്തിച്ചു.
അത്രയുമായപ്പോഴേക്ക് ആകെ തളര്‍ന്നുപോയി. വീണ്ടും കിടന്നു. മണി എത്രയായിക്കാണും. ആര്‍ക്കറിയാം. പുലരുന്നതിനുമുന്‍പേ റെയില്‍പ്പാളത്തില്‍ ഇതിനെക്കൊണ്ടെറിയാന്‍ പറ്റിയിരുന്നെങ്കില്‍!

കട്ടച്ചോര അപ്പോഴും കാലുകളിലൂടെ ഇറ്റുവീണുകൊണ്ടിരുന്നു. ചോരയുടെയും വിയര്‍പ്പിന്റെയും കൂടിയുള്ള ചൊടിപ്പിക്കുന്ന ഗന്ധം അവിടെയെങ്ങും പരന്നു.
അവള്‍ ആ കിടപ്പില്‍ കിടന്നു വീണ്ടും മയങ്ങി. ഉണരുമ്പോള്‍, വിളറിയ ഒരു ചന്ദ്രന്‍ അവളുടെ നനഞ്ഞ മുഖത്തേക്കുറ്റുനോക്കിനിന്നു.
അതുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. നിയന്ത്രിക്കാനാവാത്ത കരച്ചില്‍.
ആകാശത്തു വീണ്ടും ഇടിമുഴങ്ങി. ഭൂമിയെ നോക്കി അവ അത്യുച്ചത്തില്‍ അലറി. ഭൂമി നിശ്ശബ്ദമായി കിടന്നു. ചരല്‍ക്കല്ലുകളെപ്പോലെ കുറേ മഴത്തുള്ളികള്‍ ഉയരങ്ങളില്‍നിന്നു ചീറി വീണു. കുട്ടി ഞെട്ടിക്കരഞ്ഞു.
അവള്‍ പിടഞ്ഞെണീറ്റു കുട്ടിയെ വാരിയെടുത്ത് ഇരുണ്ട ആകാശത്തേക്കു നിസ്സഹായയായി നോക്കിനിന്നു. കുട്ടി ഒന്നും മനസ്സിലാകാത്ത കണ്ണുകള്‍കൊണ്ട് അവളെ പരിചയപ്പെടാന്‍ ശ്രമിച്ചു.
ആ മുഖം അവളെ കരയിച്ചു. കുട്ടിയെ മാറോടു ചേര്‍ത്ത് കൊട്ടിപ്പെയ്യുന്ന ആ മഴയത്തുനിന്ന് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.

Monday, 13 May 2013

അരികെ ...........

അരികെ ...



ഇറങ്ങിയ നാളിൽ തന്നെ കാണണം എന്ന് തോന്നിയ ഒരു സിനിമ ആയിരുന്നു അരികെ ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ചിത്രം എന്നാ മുൻ വിധി ചിത്രത്തെ എനിക്ക്  കാണാൻ തന്നെ പ്രേരിപ്പിച്ചു . പക്ഷെ എന്തോ കാണാൻ സാധിച്ചില്ല . ഇന്ന് വെള്ളിയാഴ്ചയുടെ മന്ദതയിൽ ഇരിക്കുമ്പോൾ "അരികെ" ഓർമയിൽ വന്നു  തന്നെ കാണാം എന്ന് തീരുമാനിച് കണ്ടുതുടങ്ങി .

                നല്ലൊരു ചിത്രം എന്ന് തന്നെ പറയാം . വല്യ അവകാശ വാദങ്ങൾ ഒന്നും ഉന്നയിക്കാൻ ഇല്ലെങ്കിലും എല്ലാവരും മികച്ച്  അഭിനയിച്ചു എന്ന് തന്നെ പറയാം രണ്ടു പെണ് സുഹൃത്തുക്കളും അവരിൽ  ഒരാളുടെ കാമുകനും, സംവൃതയും മമതയും ദിലീപും യഥാക്രമം കല്പനയും അരുരാധയും ശന്തനുവും ആയപ്പോൾ മികച്ചു എന്ന് തന്നെ പറയാം . പ്രണയത്തിന്റെ ഭാവ തലങ്ങൾ കണ്ടെതിയൊന്നും ഇല്ല പക്ഷെ ഒരു സന്ദേശം അവസാനം ചിത്രം നല്കുന്നുണ്ട്  പ്രണയത്തിന്റെ കാണാകയങ്ങളിൽ മുങ്ങി ഒരുപാട്  സ്വപ്നം കാണുന്ന ആണിന് . ശാന്തനു ഇല്ലാണ്ട് ജീവിക്കില്ല മരിക്കും എന്ന് പറഞ്ഞിരുന്ന കല്പ്പന ഒടുവിൽ കാലുമാറുന്നതും അനുവിനോദ് അവൾ അവളുടെ ശരികളെ പറ്റി  ന്യയികരിക്കുന്നതും.. ഒരു സാദാരണ പെണ്ണിന്റെ പ്രതീകമാണ് കല്പന .. ഒരുപാട് മോഹിപ്പിച്ചിട്ട്  സ്വപ്നം കണ്ടിട്ട ഒരു ദിവസം കൊണ്ട് ഒന്നും അല്ലാതായി പോകുന്ന കാമുകന്മാരുടെ പ്രതീകമാണ് ശാന്തനു. ഒരു സുപ്രഭാതത്തിൽ മറ്റൊരുവനെ കണ്ടു മുട്ടുമ്പോൾ അല്ലെങ്കിൽ വീട്ടുകാർ കണ്ടെത്തിയ ഒരുവനെ വേൽക്കുവാൻ തീരുമാനിക്കുമ്പോൾ അതുവരെ പ്രതീക്ഷകളുമായി ജീവിച്ച കാമുകനെ മറന്നു പോകുന്ന ഒരു ശരാശരി പെണ്ണിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് കല്പ്പന .
        വീട്ടുകാരുടെ സന്തോഷം അല്ലെങ്കിൽ സർക്കാർ ജോലിക്കാരൻ അല്ലെങ്കിൽ കല്പ്പന പറയും പോലെ കിട്ടുന്ന സൌഭാഗ്യങ്ങൾക്ക്‌  വേണ്ടി മറന്നു പോകുന്ന കാമുക ജന്മങ്ങല്ക് ഒരു  പാഠം ആവണം   ചിത്രം. ആർഭാടങ്ങൾക്കും  ആഭരണങ്ങൾക്കും വേണ്ടി സ്വയം മറന്നു ഒരു ഉല്ലാസ പല്ലക്കിൽ കേറി പോകുന്ന പെണ്ണിന് മുൻപിൽ ഒരു ആണെന്ന നിലക്ക് തോറ്റു  നിന്ന് പോകുന്ന അനേകം ശാന്തനുമാര് ഉണ്ട് ഇവിടെ പക്ഷെ ചിലരൊക്കെ അതിജീവിക്കും മറ്റു ചിലര് തോൽവി താങ്ങാനാവാതെ ആത്മഹത്യ പോലും ചെയ്തു പോകും.
ശാന്തനു അവസാനം പറയുന്ന ഒരു ദായലോഗ് ഉണ്ട്
 " നിരാശ കാമുകാൻ അല്ല ഞാൻ പരാജയ പെട്ട ഒരാളാണ് ഞാൻ .. സ്നേഹത്തിൽ തോറ്റു പോകുന്ന ആളുകള് എന്തിന് ആത്മഹത്യാ ചെയ്യുന്നു എന്നെനിക് ഇപ്പോൾ മനസിലായി പ്രത്യേകിച്ച്  ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല , ആണെന്ന നിലയിലുള്ള അപമാനം കൊണ്ടാണ് അവർ ആത്മഹത്യാ ചെയ്യുന്നത് .."  ഇതൊരു സത്യവസ്തയാണ്  സ്നേഹിച്ച  പെണ്ണ്  മറ്റൊരുത്തന്റെ ഭാര്യ ആകുമ്പോൾ ആണെന്ന നിലക്ക് ഉണ്ടാകാവുന്ന അപകര്ഷത .. അപമാനം സമുഹത്തിന് മുന്നിൽ വെറും വിഡ്ഢി ആകുന്ന അവസ്ഥ , അത് അതി ഭയാനകമാണ് ... ഓടി ഒളിക്കുന്നവർ എല്ലാം നഷ്ടപെട്ടു പോകുന്ന ആണുങ്ങൾ ... സ്വാര്തടക്ക് വേണ്ടി പെണ്ണ് ചെയ്യുന്നത് അവളെ സ്നേഹിച്ചു നടന്നിരുന്ന ഒരു ആണിന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത് ... അറിയാത്ത സുഖത്തിന്റെ ആകർഷണത്തിൽ വെറും പൊയ്മുഖങ്ങൾ അണിയുന്നവരാണ്   80 % പെണ്ണുങ്ങളും നട്ടെല്ലുള്ള പെണ്‍പിള്ളേരും  ഉണ്ട്  ... പക്ഷെ പ്രണയിച്ചു നടക്കുമ്പോൾ അറിയില്ലേ ശരിയും  തെറ്റും .... കപട സദാചാരത്തിന്റെ മുഖം  അണിഞ്ഞ ഈ ലോകത്ത്  ഒരിക്കലെങ്കിലും പെണ്ണിനാൽ  ചതിക്കപെട്ടവാൻ പിന്നീട്  പെണ്ണിനെ ചതിക്കാൻ ഒരുമ്പെട്ടിറങ്ങുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ സ്ത്രീ സങ്കടനകൾ ഉണ്ട് ചതിക്കപെട്ടു ആത്മഹത്യാ ചെയ്യുന്ന ആണിന്   ഊമ്പൻ എന്ന പേരും  .. പെറ്റു പോറ്റിയ മാതാവും ജന്മം നല്കിയ പിതാവും കൂടപ്പിറപ്പുകളും സുഹൃത്തുക്കളും മാത്രം കന്നീരോഴുക്കാൻ .....

എന്റെ ഭാഷ അതിരുവിട്ടു തുടങ്ങി അല്ലെ ... പല അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ ചതിയുടെ ഓർമ്മകൾ "അരികെ" കണ്ടപ്പോൾ നുരഞ്ഞു വന്നു ... സർക്കാർ ജോലി ഇല്ലഞ്ഞിട്ടു .. മാതാപിതാക്കളുടെ കണ്ണീർ  ഓർത്ത് , എന്നിങ്ങനെ ന്യായങ്ങൾ പറഞ്ഞു ചതിക്കപെട്ട പലരെയും ഓർത്തു  പോയി ... അതിരു വിട്ടു എങ്കിൽ  ക്ഷമാപണം . ഇന്നും ലോകത്തിനു മനസിലാക്കാത്ത ഒരു സമസ്യ പോലെ പെണ്ണ് ഇന്നും അവശേഷിക്കുന്നു ആണെന്ന ഇരകളെയും നോക്കി.

Friday, 3 May 2013

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ ....




ഇന്നും  വിരസിതമായ ഒരു വെള്ളിയാഴ്ച .

                     പതിവ് പോലെ തന്നെ  രാവിലെ തന്നെ ഉണര്ന്നു തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റു പോന്നു ഉച്ചവരെ പാചക പരീക്ഷണങ്ങളുമായി നടന്നു . എല്ലാവരും നാനവഴി പോയപ്പോൾ വീണ്ടും ശരണം കട്ടിലിന്മേൽ ചടഞ്ഞിരുന്നു ലാപ്ടോപുമായി . ആകെ വിരസിതമായിരുന്നു ഉറക്കം വന്നു കണ്‍ പോലകളെ താഴുകിയപ്പോലും ഉറങ്ങുന്നില്ലന്നു തന്നെ വാശി എടുത്തിരുന്നു .
അന്നേരം എന്തോ കഴിഞ്ഞ ദിവസം കേട്ട ഒരു പാട്ടിന്റെ പിന്നാലെ ആയി മനസ് ആദ്യം കേട്ടപ്പോൾ തന്നെ എന്നിക്കത് വല്ലാതെ ഭ്രമിച്ചിരുന്നു പിന്നെ അത് തപ്പി തുടങ്ങി
ദാസേട്ടൻ പാടിയ ഒരു സുന്ദര ഗീതം അതിനു പിന്നാലെ മനസ്സ് പാഞ്ഞു പോയപ്പോൾ ഞാൻ ഒന്ന് മനസിലാക്കി എനിക്ക് എന്നെ തന്നെ വീണ്ടു കിട്ടുന്നു എന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്ന എന്റെ ആ ഭ്രാന്ത് എനിക്ക് തിരിച്ചു കിട്ടും പോലെ .... ആ ഭ്രാന്തിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പക്ഷെ ആശിച്ചത് എന്തും നേടി എടുക്കാനുള്ള ആ ഭ്രാന്തയിരുന്നിരിക്കണം എന്നെ ഞാൻ ആക്കിയതും പക്ഷെ ഇടയ്ക്കു എപ്പോളോ അതെനിക്ക് കൈവിട്ടു പോയിരുന്നു ഒപ്പം പ്രവാസത്തിന്റെ പറിച്ചു നടീലും കൂടി ആയപ്പോൾ വല്ലാത്തൊരു മൂകത പിടി കൂടിയിരുന്നു ....
             മനസ്സ് എന്നെ തന്നെ കണ്ടെത്തിയ സന്തോഷത്തിൽ തുടിക്കുമ്പോൾ എനിക്ക് ആ പാട്ട് കണ്ടുകിട്ടി ലളിത ഗാന ശ്രേണിയിൽ നിന്നും ഞാൻ അത് കണ്ടെത് ഡൌണ്‍ ലോഡ്   ചെയ്തു . ദാസേട്ടന്റെ പൊന്നോണ തരംഗിണിയിലെ ഒരു പാട്ടരുന്നു അത് . ശ്രീ കുമാരൻ തമ്പി യുടെ മാസ്മര തൂലികയിൽ പിറന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്  രവിന്ദ്രൻ .. അഗ്രജന്മാരുടെ കൂട്ടായ്മയിൽ പിറന്ന ഈ ഗാനം മനോഹരം എന്നെ  ഒറ്റ  വാക്കിൽ പറയാനുള്ളൂ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കങ്കണം ഉലഞ്ഞലെൻ ഓമനേ നിന്റെ
കൊഞ്ചലിൻ  വളകിലുക്കം പോരുമേ
കുണുങ്ങുന്ന  കൊലുസെന്തിന്നോമനെ
നിന്റെ പരിഭവ കിണുക്കങ്ങൾ പോരുമേ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കനകത്തിൻ  ഭാരമെന്തിനൊമനെ
എന്റെ പ്രണയം നിൻ ആഭരണം അല്ലയോ
നിലക്കാത്ത ധനം എന്തിനോമനെ
മടിയിലെൻ  കണ്മണികൾ ഇല്ലയോ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ .

                          ശരിക്കും കേട്ടിരിക്കുമ്പോൾ ആ രംഗങ്ങൾ മനസ്സിൽ കാണും പോലെ തന്നെ ഒരു അനുഭവം ദാസേട്ടന്റെ മനോഹാരിത ശബ്ദത്തിൽ ശരിക്കും മനസ്സിൽ ആ പ്രണയം തുളുമ്പി നില്ക്കും പോലെ കുറെ തവണ കേട്ടുകൊണ്ട് ഞാൻ എന്റെ ഭ്രാന്തിന്റെ ലോകത്ത് ഇങ്ങനെ ഒഴുകി നടന്നു.




        

Friday, 12 April 2013

തൂവാനത്തുമ്പികൾ ...



                വിരസിതമായ വെള്ളിയാഴ്ചയുടെ അലസമായ പകലിൽ വെറുതെ ചടഞ്ഞിരുന്നു സമയം ഇഴഞ്ഞു നീങ്ങുമ്പോൾ .. ഓർമ്മകൾ നാടിന്റെ സ്മരണകൾ നുരഞ്ഞു പൊങ്ങുമ്പോൾ,  വെളിയിലെ ചൂടിന്റെ തീവ്രത ഓർത്ത് വീണ്ടും കട്ടിലിന്മേൽ ചടഞ്ഞിരുന്നു ലാപ്ടോപ് എടുത്ത് വെറുതെ പരത്തി നടക്കുമ്പോൾ എവിടെനിന്നോ മനസ്സിൽ വന്നു വീണത്‌  തൂവാനതുമ്പികളുടെ ഒരെടയിരുന്നു . എത്ര തവണ കണ്ടതെന്ന് അറിയില്ല എങ്കിലും വീണ്ടും വീണ്ടും കണ്ടു പോകുന്ന ഒരു മാസ്മരികത പദ്മരാജൻ ഇതിൽ ചലിച്ചു എഴുതിയിട്ടുണ്ട് .

         ജയകൃഷ്ണനെയും ക്ളാര യെയും ഒരിക്കൽ കണ്ടവര്ക്ക് മറക്കാൻ കഴിയുമോ ? പ്രണയത്തിന്റെ സർവ ഭാവത്തോടെയും മഴനനഞ്ഞു ഇന്നും അവൾ നില്പ്പുണ്ട് ക്ളാര പുതുമ ഒട്ടും നഷടപെടാതെ തന്നെ....  

പ്രണയ ഭാവങ്ങളുടെ പൂര്ണ രൂപം ആയിരുന്നു .. ഒരുപാട് പറയതെ പറഞ്ഞു പോയൊരു ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന അപൂർവ സൃഷ്ടി ...  ഒരു പക്ഷെ രാധ ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ക്ളാര ജയകൃഷ്ണനെ വിട്ടു പോകില്ലയിരുന്നിരിക്കാം .
 വീണ്ടും കണ്ടു മുട്ടുമ്പോൾ ചുവരുകളെ ഭയക്കുന്ന ക്ളാര അല്പ്പം മുറ്റമുള്ള ഒതുങ്ങിയ വീട്  തെടുന്നതൊക്കെ  പരിമിതമായ വാക്കുകളിൽ പദ്മരാജൻ പറഞ്ഞു പോകുന്നത് ഒരുപാട് വലിയ അർഥങ്ങളായിരുന്നു " എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകുവാൻ കൊതിയാകവാ ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് " എന്ന്  ക്ളാര പറയുന്ന രംഗവും പശ്ചാതലത്തിലെ ഭ്രാന്തന്റെ നിലവിളിയും എത്ര മനോഹാരം ... 


- "ഞാൻ എപ്പോളും ഓര്ക്കും ഓരോ  മുഖം കാണുമ്പോളും ഓർക്കും  "
- " മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടികൊണ്ടിരിക്കുവല്ലേ, അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും "
- " മറക്കുവാരിക്കും .. അല്ലെ ? "
- " പിന്നെ ..മറക്കാതെ 
-" പക്ഷെ എനിക്ക് മറക്കണ്ട "

 ഈ രംഗങ്ങളിൽ
ക്ളാര കണ്ണുകളിൽ തുളുമ്പുന്ന തുള്ളികൾക്ക് പോലും അര്ഥം കുറിച്ച് വച്ചിരുന്നു പദ്മരാജൻ എന്ന ജീനിയസ് .. ആ രംഗങ്ങളിലെ നിശബ്ദത പോലും മനോഹരമായിരുന്നു.

- " ആദ്യമായി മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്നുള്ളത്  ഭാഗ്യം ചെയ്തവര്ക്കെ കിട്ടൂ .. നല്ല കുട്ടികല്ക്കെ കിട്ടു " എന്ന്  ക്ളാര ജയകൃഷ്ണന്റെ മുടിയിൽ തലോടി പറയുമ്പോൾ ആ ശബ്ദത്തിലെ നഷ്ടബോധം അസാധ്യമായിരുന്നു. സുമലതക്ക് പകരം മറ്റാരും മതിയാവില്ലയിരുന്നു ക്ളാര ആകുവാൻ  ജയകൃഷ്ണനാകുവാൻ മോഹൻലാൽ മാത്രവും.

മനസില്ല മനസോടെ എങ്കിലും ക്ളാര ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവുക  ആയിരുന്നു . അവസാനം ... " കാണാതെ ഇരിക്കുമ്പോൾ മറക്കാൻ എളുപ്പമല്ലേ എന്ന് പറയുന്ന അവൾ അവസാന യാത്ര പറഞ്ഞു പോകുമ്പോൾ നിറകണ്ണുകളോടെ വിതുമ്പൽ ഒതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു . പ്രണയത്തിന്റെ വശ്യത ആവാഹിചു  ചിരിചു  നില്കുടന്ന ക്ലാര …….കൈ വീശി എന്നെന്നേയ്ക്കും ആയി ജയകൃഷ്ണന് നില് നിന്നും അകന്നു പോയപോൾ ക്ളാരയുടെ കണ്ണുകള് നനഞ്ഞിരുന്നു ....ആ കണ്ണു നീര് തിളകം ഒരു പാട് പേരുടെ കണ്ണുകളില് തിയറ്ററിലെ ഇരുട്ടിലും തെളിഞ്ഞു നിന്നിരുന്നു. കാലത്തിനും അപ്പുറം എല്ലാ ഭാവങ്ങളും നിറഞ്ഞു നില്ക്കുന്ന തൂവാനതുമ്പികൾ മലയാള സിനിമയുടെ സ്വന്തം എന്നതിൽ നമുക്കും അഭിമാനിക്കാം . 


             ന്യൂ ജെനെറേഷൻ സിനിമ എന്നാ പേരിൽ ചവറുകൾ പടച്ചു വിടുന്ന നവ പ്രതിഭകൾ ഈ സിനിമയൊക്കെ ഒരു പാഠമാക്കിയിരുന്നെങ്കിൽ.  

- "ഞാൻ എപ്പോളും ഓര്ക്കും ഓരോ  മുഖം കാണുമ്പോളും ഓർക്കും  "
- " മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടികൊണ്ടിരിക്കുവല്ലേ, അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും "
- " മറക്കുവാരിക്കും .. അല്ലെ ? "
- " പിന്നെ ..മറക്കാതെ 
-" പക്ഷെ എനിക്ക് മറക്കണ്ട ""
 

പവിത്രം




പവിത്രം ....
ഇന്നിവിടെ തുടങ്ങുന്നു ........
കിനാവുകളുടെ ............
പ്രണയത്തിന്റെ ...... കാമത്തിന്റെ ..... 
വിരഹത്തിന്റെ .... നഷ്ടങ്ങളുടെ ...............
ചതിയുടെ .... പകയുടെ .....
കണക്കു പുസ്തകം പോലെ ....